Wednesday, 17 January 2024

 കാലേക്കൂട്ടി പറഞ്ഞിട്ടല്ല

കാരണങ്ങൾ കടന്നു വരാറ്...

ചിലപ്പോഴൊക്കെ

വെറുമൊരു തോന്നലിന്റ
തുമ്പത്തു നിന്നും
ചിലന്തി പോലെയത്
മെല്ലെ തൂങ്ങിയിറങ്ങും...
ശരി തെറ്റുകളെ
നാലായി പകുത്തിട്ട
ഹൃദയത്തിന്റെ അറകളിൽ
തലങ്ങും വിലങ്ങും
വല വിരിച്ചുകൊണ്ടിരിക്കും...
ഒന്നുമില്ലായ്മയിൽ
നിന്നു പോലും
ഓരോരോ കാര്യങ്ങൾ
വലയിൽ കുടുങ്ങും...
അങ്ങനങ്ങനെ...

 ഞാൻ കണ്ണടച്ചു കൊണ്ട്

ശ്വാസം നീട്ടിയെടുക്കുന്നു...

അയാൾ പറഞ്ഞു കൊതിപ്പിച്ച

സുഗന്ധങ്ങളിലേക്ക്

മൂക്ക് വിടർത്തുന്നു...

ഒരു വീട്

അതിന്റെ മണങ്ങളെ

ഒളിപ്പിച്ചു വയ്ക്കുന്ന

ഇടങ്ങളിലേക്കൊക്കെ

മനസ്സ് പായിക്കുന്നു...

സ്നേഹത്തിന്റെ സുഗന്ധം

മുറിയിൽ നിറയുന്നു...

 അതിവർത്തിക്കാൻ 

ആവുന്ന വരേയ്ക്കും

ആവൃത്തി.

 സ്വപ്നങ്ങൾ

ചിലപ്പോഴൊക്കെ

നമ്മളാവും..

മറ്റു ചിലപ്പോൾ

നമ്മളെന്നത്

വെറും സ്വപ്നവും...

 വെറുതെ'

എന്നാൽ

വെറുമൊരു

വാക്കാലൊത്തിരി

കാര്യങ്ങളെ

പറഞ്ഞു

വയ്ക്കുന്നത്രയും

വെറുതെ...

 അവൾ വാക്കുകളെ കുറിച്ച് പറഞ്ഞു...

ഞാൻ മൗനത്തെ കുറിച്ചും...

അവൾ ഉടൽ മുറിവുകളെ

കുറിച്ച് പറഞ്ഞു...

ഞാൻ ഉള്ളുരുക്കങ്ങളെ കുറിച്ചും...

അവൾ കടലോളം

കരഞ്ഞു...

എന്റെ കണ്ണും നിറഞ്ഞു...

കനലായിരുന്നു..

എന്നിട്ടും ഞാൻ അണഞ്ഞു...

 ഓർമ്മകൾ

ഓന്തുകളെപ്പോലെയാണ്...

ഓർക്കേണ്ട താമസം

അതുവരെയില്ലാത്ത

നിറമെടുത്തുടുത്തിട്ട് വരും..

സാഹചര്യങ്ങളോട്

പറ്റിച്ചേർന്നിരുന്നു കൊണ്ട് 

ഇന്നിന്റെ ഭാഷയിൽ

കഥ പറയും...

ഇല്ലാനിറങ്ങളിലെ 

ഇന്നലെകളിലേക്ക്

നമ്മുടെ കാഴ്ചകളെ

തിരിച്ചു വയ്ക്കും..

കടന്നു കളയും...

 രാവോളം

രാകിമിനുക്കിയിട്ട്

മറുപടികൾക്ക്

മൂർച്ച കൂട്ടിയിട്ട്

ചോദ്യങ്ങളെ

മുറിച്ചിടാൻ

ഒരു വരവുണ്ട്.

എന്നാലും എന്റെ

പിടിവാശിക്കാരാ,

അല്ലെന്നോ ഇല്ലെന്നോ

ഉള്ള ഒരു വാക്കിനു വേണ്ടി

ഒരുത്തരത്തെയിങ്ങനെ 

ഉണ്ടാക്കിയെടുക്കണോ..

വെറുതെ ചൊടിപ്പിക്കാനുള്ള

ഒരു ചോദ്യത്തെയിങ്ങനെ 

ഇല്ലായ്മ ചെയ്യണോ...