Tuesday, 29 May 2018



നമ്മുടെ സായന്തനങ്ങൾക്ക് തലചായ്ച്ചിരിക്കാൻ... തളർന്ന ചിറകുകളൊതുക്കിയിരിക്കാൻ... സ്വപ്നങ്ങളുടെ ഒരു ചില്ലയെങ്കിലും ബാക്കിവെക്കണമായിരുന്നു...

Wednesday, 16 May 2018

സ്വപ്നങ്ങളിലെ മഴയിൽ
ഇടിമുഴക്കങ്ങളുണ്ടാവാറില്ല ,
മിന്നലും..
അല്ലെങ്കിലും ,
അപ്രിയ സത്യങ്ങളെയൊക്കെ
തെല്ലൊന്നകലെ നിർത്തിയാണല്ലോ    
നമ്മളിപ്പോഴും സ്വപ്നം കാണാറുള്ളത്...
ഇടക്കെങ്കിലും
ജീവിതം എന്ന് തെറ്റിവായിക്കാറുള്ളതും...

Tuesday, 15 May 2018

ഓരോ ചിരിയിലും
സ്നേഹത്തിന്റെ
ധാരാളിത്തം ഉണ്ട്.
ഓരോ വാക്കിലും
വാത്സല്യത്തിന്റെ നിറവും.
അമ്മക്കരികിലിരിക്കുമ്പോൾ
അഹങ്കാരമിത്തിരിയൊക്കെ
ആവാം...
അല്ലേ...?
ഓരോരോ വാക്കും
ശരിവച്ചു കൊടുത്തിട്ട്
സമാധാനത്തിന്റെ
പടികളിങ്ങനെ
കയറിപ്പോവുകയാണ്...
അക്ഷരങ്ങളെ അഴിച്ചെടുക്കുക...
മധുരമത്രയും നിനക്കുള്ളതാണ്.
മിട്ടായിക്കടലാസ്സു പോലെ
നിറമുള്ള വരികളെ
കാറ്റിൽ പറത്തുക...
നിന്റെയാകാശങ്ങളിൽ
അത് മഴവില്ല് വിരിയിക്കട്ടെ...
മറ്റൊന്നും സ്വന്തമായി
ഇല്ലാത്ത ഒരുവളുടെ
സ്നേഹസമ്മാനമാണിതെന്നു കരുതുക...
ഇന്ന് നിന്‍റെ പിറന്നാളല്ലേ...
മൗനമതൊന്നുമല്ല...
ഒരായിരം വട്ടം ആവർത്തിച്ചെഴുതിയിട്ടും
നീ കാണാതെ പോയൊരിഷ്ടമില്ലേ..?    
ഒരായിരം വട്ടം നീയുറക്കെ പറഞ്ഞിട്ടും
ഞാൻ കേൾക്കാതെ പോയതും...
അത്രമേലെങ്ങനെയാണ്  
ഒരാളിന്നൊരാളിന്റെ
സ്വന്തമാവാനാവുക..?
ജീവന്‍റെ ഒരുപാതി
പകുത്തു നൽകാനാവുക.. ?    
ഒരു മാത്ര പിരിയുമ്പോഴേക്കും
പ്രാണന്റെ പിടച്ചിലാവാനാവുക..?
കണ്ണിൽ ഓരോരോ കഥകൾ
എഴുതി വച്ചിട്ട്
അവൾ പിന്നെയും വിളിക്കും.
മടങ്ങി ചെല്ലരുത്...
കടലാണവൾ !
കുഞ്ഞിക്കൈകളിലെ
കരുതലുകൾ...
ഇളംചുണ്ടുകൾ
ഒപ്പുകടലാസ്സാവുന്ന
കവിളുമ്മകളും...
അടിച്ചമർത്താനും അടക്കിഭരിക്കാനും പഠിപ്പിച്ച് ആൺകുട്ടികളെ
വേട്ടനായ്ക്കളെപോലെ വളർത്തും..
എന്നിട്ടൊരിക്കൽ
സ്വാതന്ത്ര്യത്തിന്റെ പരിധികൾക്കപ്പുറത്തേക്ക്  തുടലഴിച്ചുവിടും...
മാറും മുഖവും മറച്ചും
ഇരുട്ടിലൊളിപ്പിച്ചും
പെൺകുട്ടികളെ വളർത്തുന്നതോ
ഇരകളെപ്പോലെയും...