Thursday, 21 December 2017

ഏതോ നിയോഗം പോലെ 
ഒരു ജന്മത്തിന്റെ വിടവ്
നിന്നെയെഴുതി നിറക്കുകയാണ്...
കുഞ്ഞു പിണക്കങ്ങൾ പോലും
നിലതെറ്റി വീഴുന്നത്
നിശബ്ദതയുടെ
നീർച്ചുഴിയിലേക്കാണ്...
നിന്‍റെ മൗനത്തിന്റെ കടലാഴത്തിലേക്കാണ്...
എല്ലാം ഇഷ്ടങ്ങൾ തന്നെ !
കട്ടെടുത്തതും...
കടം പറഞ്ഞതും...
തിരക്കുകളിലേക്ക് ഒളിച്ചു കടത്തപ്പെട്ട
ചില നേരങ്ങളുണ്ട്...
എതിർദിശകളിലേക്ക് നമ്മുടെ
വഴികളെ മുറിച്ചു വയ്ക്കുന്ന
ചില തിരക്കുകളും...

Thursday, 14 December 2017

നീയുദിക്കാത്ത ദിവസങ്ങൾ.
ആകാശമപ്പോൾ
അക്ഷരങ്ങൾ പതിയാത്ത
കറുത്ത കടലാസ്സു പോലെയാവും..
നിന്‍റെ വെളിച്ചം വീഴാതെങ്ങനെയാണ് 
വരികളുണ്ടാവുക..?
എന്നിട്ടും,
ഒപ്പമെത്തുന്ന ആ ഇത്തിരി
നേരങ്ങളിലേക്ക്
നടന്നെത്താൻ മാത്രം
ഘടികാരക്കാലുകൾ പോലെ...
എത്ര രാപകലുകളിങ്ങനെ....

Tuesday, 12 December 2017

നിനക്കേ അറിയൂ...
ആത്‌മാവിന്റെ
തൊട്ടടുത്തിരുന്നിങ്ങനെ
സ്വകാര്യം പറയാൻ...
പാതി മയക്കത്തിൽ പോലും
എന്നിലിങ്ങനെ
സ്വപ്‌നങ്ങളെഴുതി വെക്കാൻ..

Friday, 8 December 2017

അശക്തമായ ഒരു നോട്ടം
നിന്നിലേക്കയച്ചിട്ട്
ഞാൻ തളർന്നു വീഴുന്നു...
നീ സൂര്യനായിരുന്നു !
എല്ലാം നിഴലുകളല്ല .
ചിലതെങ്കിലും
നിശയുടെ കാൽപ്പാടുകളാണ്...
ഒരു തരി വെട്ടത്തിൽ പോലും
തെളിഞ്ഞു കാണുന്ന
നമ്മിലെ ഇരുട്ടാണ്...
മനസ്സെന്നല്ല ,
മഷി പുരളാത്തതൊന്നും
നിനക്ക് മനസ്സിലാവില്ലെന്ന്
ഒരാൾ...
നിനക്കിപ്പോഴുമറിയില്ല ,
മൊഴിമറകൾക്കിപ്പുറം നിന്ന്‌
മനസ്സ് പറയുന്നതെന്തെന്ന്...
മൗനമല്ലത് ,
മനസ്സിലെ  മഴയൊരുക്കങ്ങളാണ്...
ആ ഒരാളുടെ നിശ്വാസത്തിന്റെ
ചൂടേറ്റാൽ മാത്രം വിരിയുന്ന
ഒരു പൂവുണ്ട് ഓരോ കവിളിലും...
ആ മിഴിനനവിൽ
പെട്ടന്നുലഞ്ഞു പോവുന്ന
ഒരൊറ്റയിതൾപ്പൂവ്...
മറന്നെന്നു തോന്നുമ്പോൾ
മണ്ണിൽ പെരുവിരലൂന്നിനിന്ന്‌
നിന്‍റെ പിൻകഴുത്തിൽ
ഓർമ്മകൾ എഴുതി വെക്കണം...
ഒരു സ്വപ്നത്തിന്റെ നിറവിലേക്ക്‌
നിന്നെയും ചേർത്ത് വെക്കണം...