Friday, 21 August 2015



കണ്ണടക്കപ്പുറo കണ്ണ് കഥ പറയുന്നുണ്ട്.. കണ്ണുനീരിനൊപ്പം പടിയിറങ്ങിപ്പോയ കാഴ്ച്ചകളെക്കുറിച്ച് ... കാലം കട്ടെടുത്ത കനവുകളെക്കുറിച്ച്...
ആയുസ്സിന്റെ ഇലകളേറെ പൊഴിഞ്ഞിട്ടും... ആത്മബലത്തിൻ വേരുകളാഴത്തിലൂന്നി ആകാശം സ്വപ്നം കാണുന്നൊരു വന്മരം !


കുസൃതികൾക്കും കുട്ടിക്കളികൾക്കുമിടയിൽ നീ അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയതെപ്പോഴാണ്..? പതിയെ... പതിയെ... വായനയിലേക്ക് വളരുന്നുണ്ട് അവൻ !


അസ്തമയക്കടൽ നോക്കിയിരിക്കുന്നു... വെറുതെ...തീരത്തൊരു പ്രണയം .


മനസ്സെപ്പോഴേ യാത്രയായിരിക്കുന്നു... നോവിന്റെ കറുത്ത ചിറകുമായി... ഓർമ്മകളുടെ ബലിച്ചോറുണ്ണാൻ...
ഒരേ വേദന പങ്കിടുമ്പോഴും ഒന്നിനൊന്നു തുണയാവാതെ ഇരുമിഴികളിലൂടെ ഒഴുകിയിറങ്ങുകയാണ് നാം...
മൗനം കൊണ്ടു മുറിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോഴെല്ലാം വാക്കുകള്‍ വല്ലാത്തൊരിഷ്ടത്തോടെ നമ്മോടു ചേര്‍ന്നു നില്‍ക്കുന്നതെന്തേ...?
വഴികളവസാനിക്കുന്നൊരിടം... ഓര്‍മ്മകളിലേക്കല്ലാതെ ഇനിയൊരു യാത്രയുണ്ടാവില്ല...
ഇന്നീ വിരലുകൾക്കെന്തേ മയിൽപ്പീലിയുടെ തണുപ്പ്...? പൊന്നുമ്മകൾക്കു പോലുമെന്തേ നറുവെണ്ണയുടെ സുഗന്ധം...?


ഏത് ഓർമ്മകൾക്കാണ് ഇന്നും ഉറക്കം പണയമാകുന്നത്?
എന്തേ...ഈയിടെയായി പകലിനെ പിരിയുമ്പോഴെല്ലാം വിണ്ണിന്റെ മിഴികളിൽ പൊഴിയാനൊരുങ്ങുന്ന സ്വപ്നങ്ങളുടെ നനവ്‌...?
സ്നേഹം മനസ്സിന്റെ കണ്‍കെട്ടാണ് . ശരിതെറ്റുകൾ വേർതിരിച്ചെടുക്കാനാവാതെ ഒരാളിലേക്കിങ്ങനെ...
വാത്സല്യത്തിന്റെ പൊന്നുമ്മകൾ കൊണ്ട് കുഞ്ഞു കവിളത്തടങ്ങളിൽ അമ്മ വരച്ചിട്ട നുണക്കുഴികൾ...


സ്വപ്‌നങ്ങൾ കണ്ടു തീരുമ്പോഴേക്കും നേരം പുലർന്നിട്ടുണ്ടാവും....പിന്നെ, യാഥാർത്ഥ്യങ്ങളുടെ പകൽവെട്ടത്തിൽ നീയുണ്ടാവില്ല...ഞാനും....


ഒരൊറ്റ വാക്കിലേക്കുള്ള വഴിയിൽ പിണങ്ങിപ്പിരിഞ്ഞ അക്ഷരങ്ങൾ . . .
ഓരോ നിമിഷാർദ്ധത്തിലും തീരത്തോളം വന്നെത്തിനോക്കി മടങ്ങാൻ മാത്രം ഈ തിരകൾ ഇതാരെയാവും ഇത്രമേൽ തിരഞ്ഞുകൊണ്ടിരിക്കുന്നത്...


എന്റെ പ്രണയം, ചിറക് മുളയ്ക്കാത്ത പക്ഷിക്കുഞ്ഞു പോലെ നിന്റെ സാന്ത്വനങ്ങളുടെ ചൂടേറ്റ് ഈ കിളിക്കൂട്ടിലിങ്ങനെ...
ഓരോരോ സ്വപ്നങ്ങൾ കണ്‍മുന്നിലേക്ക് വച്ചു നീട്ടുമ്പോഴും വിധി എന്തിനാണെപ്പോഴും ജീവിതത്തിന്റെ പെരുവിരൽ തന്നെ പകരം ചോദിക്കുന്നത്...?


കുട്ടിക്കുറുമ്പനെ ഉരലിൽ ചേർത്തുകെട്ടി അല്പം മാറിയിരുന്നു ഏറെ നേരം കരഞ്ഞു അമ്മ യശോദ. . .


പറയാതെ പോയ വാക്കുകളുടെ ചിതയെരിഞ്ഞു തീർന്നിട്ടും, ഏകാന്തതയുടെ നരച്ച കരിമ്പടവും പുതച്ച് നിന്റെ മൗനത്തിനു കാവലിരിക്കുന്നു... വെറുതെ...
പരിഭവം ചായം തേച്ച ചുവന്ന കവിളിണകളിൽ നനുത്ത വിരലുകൾ കൊണ്ടെത്ര തൊട്ടുവിളിച്ചെന്നോ.... മഴ നനഞ്ഞെത്തിയ ഒരു സുന്ദരിക്കാറ്റ്....
നോവിന്റെ ഒറ്റയടിപ്പാതയിലൂടെ നിന്നിൽ നിന്നും എന്നിലേക്കൊരു മടക്കയാത്ര...
നിലാവിന്റെ വെള്ളിക്കൊലുസ്സണിഞ്ഞ മേഘശകലങ്ങൾ...
നാളെയുടെ കണ്ണുനീരേറ്റു വാങ്ങാനാവും ഓരോ യാത്രാമൊഴിയും പറഞ്ഞു തീരാത്ത കഥകളുടെ ശൂന്യത നമ്മിൽ നിറച്ചു വക്കുന്നത്...


ഭ്രാന്ത്... ക്ലാവു പിടിച്ച മനസ്സിന്റെ വക്കുകളിൽ ഇളം പച്ച നിറത്തിൽ അവൾ കോറിയിട്ട മരണമില്ലാത്ത മറവികൾ...
ബന്ധങ്ങളുടെ കണക്കെടുപ്പിൽ മേൽവിലാസമില്ലാതെ പോകുന്ന ചില ഇഷ്ടങ്ങളുണ്ട്... ഒന്നിനുമല്ലാതെ, നിഴലുകൾക്ക് നിറം കൊടുക്കുന്ന ചില സ്വപ്നങ്ങളും...


മനസ്സാക്ഷിയുടെ നിലവറക്കുള്ളിൽ നീ കേൾക്കാതെപോയ നേരിന്റെ നിലവിളികളുണ്ടാവും. ഓരോ നെഞ്ചിടിപ്പിലും നിശബ്ദമായ ഓർമ്മപ്പെടുത്തലുകളും...


ചിരികളും ചിന്തകളും കടന്നുവരാത്തൊരു പകലിന്റെ തിരക്കിൽ ഒറ്റപ്പെട്ടു പോവുകയാണ്...
വിധിയുടെ കൈയ്യെത്താത്തൊരിടത്ത് മനസ്സിന്റെ വേഗങ്ങളിപ്പോഴും ഇഷ്ടങ്ങളിലേക്കുള്ള യാത്രയിലാണ്...