Thursday, 26 February 2015

അവൾ മഴയാവാനൊരുങ്ങുമ്പോഴെല്ലാം ഒരു കുഞ്ഞുമേഘക്കീറിൽ മുഖമൊളിപ്പിക്കാനെന്തേ ഈ സൂര്യനിത്ര തിടുക്കം...?
കൈവെള്ളയിലൊളിപ്പിച്ച കണ്‍പീലിയെന്നോണം.. കൈപിടിച്ചു നടത്തുമ്പോഴെല്ലാം ആ വിരൽത്തുമ്പിലൊരായിരം സ്വപ്നങ്ങളും കൊരുത്തിടാറുണ്ടമ്മ...
കാത്തിരിക്കാനാരുമില്ലെന്നറിഞ്ഞിട്ടും മനസ്സെന്തിനോ മടങ്ങിപ്പോകാറുണ്ട് കാലംകവർന്നെടുത്ത ഇന്നലെകൾക്കൊപ്പമിരുന്ന് ഓർമ്മകളുണ്ട്‌ മടങ്ങാറുണ്ട്
ചോദ്യങ്ങളും .. ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങളും... കഥകളും അതിലൊരായിരം കഥകളും ... ചായുറങ്ങും വരെ കുറുമ്പുകാട്ടിയും കിലുക്കാംപെട്ടി പോലൊരുണ്ണി...
മനസ്സുവായിക്കാൻ മടിച്ചിട്ടാവും വാക്കുകൾ, കണ്ണടച്ചിരിക്കുന്നതും... ഇരുട്ടിൽ വിരൽ കോർക്കുന്നതും ...

Thursday, 12 February 2015

ഉറക്കം നടിച്ച് നീയും... വിളിച്ചുണർത്താതെ ഞാനും...
അവന്റെ കണ്ണുകളിൽ കാമം പത്തി വിരിക്കുമ്പോൾ, ആ കണ്ണുകൾ ചൂഴ്ന്നെറിയാതെ... അവളോട്‌ മറഞ്ഞിരിക്കാൻ ആജ്ഞാപിക്കുന്ന സമൂഹം...

Wednesday, 11 February 2015

കാലം എത്ര ഒളിച്ചുപിടിച്ചിട്ടും, മനസ്സെന്തിനാണെപ്പോഴും ഇന്നലെകളിലേക്ക് ഇടംകണ്ണിട്ടു നോക്കുന്നത്...

Monday, 9 February 2015

നിന്റെ മടിയിൽ തലചായ്ക്കുമ്പോൾ ഒഴുകിത്തീരുന്ന സങ്കടങ്ങളേയെനിക്കുള്ളൂ... വാത്സല്യത്തിന്റെ വിരലുകളാൽ തഴുകി മാറ്റാറുള്ള ആകുലതകളും...
കാതങ്ങൾക്കിപ്പുറമിരുന്ന് മനസ്സിപ്പോഴും കരയുന്നു.. എനിക്കമ്മയെ കാണണം...


Sunday, 8 February 2015

മറുപടികൾക്ക് കാത്തുനിൽക്കാതെ മാഞ്ഞു പോകുന്ന ചോദ്യങ്ങൾ ... മനസ്സിലൊരിടത്ത് മറവു ചെയ്യപ്പെടുന്ന അനാഥമായ ഉത്തരങ്ങളും...
ആകുലതകളുടെ നെരിപ്പോടിലേക്ക്
ഹൃദയം പറിച്ചെറിയണം...
അതവിടെക്കിടന്നെരിഞ്ഞു തീരുവോളം,
സ്വപ്നങ്ങളോടൊത്തൊരു
യാത്രപോണം....

ഒരു കുഞ്ഞുപിണക്കത്തിന്റെ ഇരുപുറവും, മുഖംനോക്കാതെയിരുന്ന് നാമോർത്തെടുത്തതെല്ലാം പറയാതെ മനസ്സിലൊളിപ്പിച്ച ഒരായിരം ഇഷ്ടങ്ങളായിരുന്നില്ലേ..?
കാലത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് വലിച്ചെറിയപ്പെട്ട സൃഷ്ടികൾ... കാമത്തിന്റെ കൂർത്തനഖങ്ങളാഴ്ന്നു കീറിയ കുറെ പെണ്‍ചിത്രങ്ങൾ...
ഞാനുറങ്ങുമ്പോഴെല്ലാം മനസ്സിൽ ചിത്രം വരക്കുന്നതാരാണ്...? കഥയെഴുതുന്നതാരാണ്...? കുഞ്ഞിക്കണ്ണുകളിലിപ്പൊഴും മാഞ്ഞു പോകാത്ത കൗതുകം.

Tuesday, 3 February 2015

അകലുന്നു കാലൊച്ച ..നിലക്കുന്നു നിൻ,
തിരയൊടുങ്ങാത്ത സ്നേഹനൊമ്പരങ്ങളും...
വിരഹാഗ്നിയിൽ ജ്വലിക്കുന്നു...എരിഞ്ഞടങ്ങുന്നു...
സ്നേഹത്തിന്നുറവ വറ്റാത്തദേഹവുമീയാത്മാവും...
പിന്നീട്.. ദളങ്ങലടർന്നപനിനീർ  പൂക്കളും
പാതിയിലൊടുങ്ങിയ കഥകളും മാത്രം
ബാക്കിയാവുന്നു...