Sunday 11 March 2018

വളർത്തുപക്ഷികൾ

അവളുടെ എഴുത്തുമുറിയുടെ
ജനാലകളെപ്പോഴും
നീ വന്നടക്കുന്നതെന്തിനാണ്..?
വട്ടം പിടിച്ചിരുന്ന്
അവളെ വായിക്കുന്നതെന്തിനാണ്..?
ഒറ്റച്ചിറകിലേക്കെപ്പോഴോ നിന്നെ
ചേർത്തു കെട്ടിയതല്ലേ ,
പിന്നെയെന്തിനാണവളെ
ആകാശം കാണാതൊളിപ്പിക്കുന്നത്..?
നിന്‍റെ നെഞ്ചിലെ
ചില്ലുകൂട്ടിലടച്ചു വെക്കുന്നത്.?
അവളുടെ എഴുത്തുമുറിയുടെ
ജനാലകളെപ്പോഴും
നീ വന്നടക്കുന്നതെന്തിനാണ്..?
വട്ടം പിടിച്ചിരുന്ന്
അവളെ വായിക്കുന്നതെന്തിനാണ്..?
ഒറ്റച്ചിറകിലേക്കെപ്പോഴോ നിന്നെ
ചേർത്തു കെട്ടിയതല്ലേ ,
പിന്നെയെന്തിനാണവളെ
ആകാശം കാണാതൊളിപ്പിക്കുന്നത്..?
നിന്‍റെ നെഞ്ചിലെ
ചില്ലുകൂട്ടിലടച്ചു വെക്കുന്നത്..?

Saturday 10 March 2018

അവധിയല്ലേ,
പതിവിലേറെ
തിരക്കുണ്ടാവണമടുക്കളക്ക്..
ചുണ്ടിലൊരു മൂളിപ്പാട്ടുമായി
നീയെപ്പോഴും കൂടെയുണ്ടാവണം.
ഇടയ്ക്കിടെ
കഥപറഞ്ഞോടി വരുന്ന
കുട്ടിക്കുറുമ്പന്മാർക്കായി
മധുരമായിട്ടെന്തെങ്കിലും
കരുതി വയ്ക്കണം.
അങ്ങനെയങ്ങനെ
ഒരുപകലിന്റെ മേശപ്പുറത്ത് സന്തോഷങ്ങളോരോന്നായി
ഒരുക്കി വെക്കണം !
അങ്ങനെയോർത്തോർത്ത്
അവസാനം മാർച്ച് എത്തും...
മഞ്ഞുരുകിത്തെളിഞ്ഞ
ചില അടയാളങ്ങളിൽ
മനസ്സുടക്കും..
ഒപ്പമില്ലാതായ ഓർമ്മകളിൽ
തട്ടിത്തടഞ്ഞു വീഴും...
മുറിവേൽക്കും...
വാക്കോളം വന്നിട്ട്
വഴിമാറിപ്പോവുക...
വരികളാവാതാവുക...
പിണക്കമാവില്ല അത് ,
മനസ്സ്‌ പോലും
ചിലതൊക്കെ
മൗനം കൊണ്ടല്ലേ
പറയാറ്...

മഞ്ഞുകാലങ്ങൾ

നോവാറാതെ വരുമ്പോൾ
മുറിവുകളിലേക്ക്
മഞ്ഞുമഴ പൊഴിച്ചിടും...
നീറ്റുന്ന ഓർമ്മകളെ
മഞ്ഞുകൊണ്ട് മൂടിവെക്കും...
വേദനകൾ വന്നുവിളിക്കാത്തൊരിടത്ത്
മനസ്സിനെ ഉറക്കിക്കിടത്തും...
ഭ്രാന്തല്ല ,
ചിലപ്പോഴൊക്കെ
കാലം  മുറിവുണക്കുന്ന
രീതിയാണത്.
ഓരോ മിടിപ്പിലും
ഹൃദയത്തിലേക്ക്
ഒളിച്ചു കടക്കുന്ന
ചില ചിരികളുണ്ട്...
കാത്തിരിപ്പുകളെ
കവിതകളാക്കണം.
നീയില്ലായ്മയുടെ
ഇത്തിരി ദൂരങ്ങളെ 
അല്ലാതെയെങ്ങനെയാണ്
ഞാൻ പിന്നിലാക്കുക..?
ഉറങ്ങുന്നൊരാളിന്റെ
മുഖം നോക്കിയിരുന്ന്
സ്വപ്‌നങ്ങൾ വായിച്ചെടുക്കുന്ന
നിന്‍റെ കുസൃതി  !
സ്വപ്നങ്ങളിലേക്കുണരുന്ന
നേരമാണതെന്ന് ഞാനും !
ആഘോഷങ്ങളെന്താണ്...
അങ്ങകലെ നിന്നും
മൂന്നുകൂട്ടം
പായസങ്ങളും ചേർത്ത്
ഒരില നിറച്ചും
അമ്മയുമ്മകൾ !
മഴ നനയുമ്പോഴും
മനസ്സിന്റെ തായ്‌വേരുകൾ
അലഞ്ഞുകൊണ്ടേയിരിക്കും...
മറവിയുടെ മണ്ണാഴങ്ങളിൽ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കും...
നേരമൊന്നു പുലരട്ടെ ,
നെഞ്ചിൽ വെറുതെ
കുറുകിക്കൊണ്ടിരിക്കുന്ന
ഒരു കുഞ്ഞു പക്ഷിയെ
കൂടുതുറന്നു വിടുന്നുണ്ട്
നിന്‍റെ ആകാശത്തിലേക്ക്...
ഒന്ന് ചൊടിപ്പിച്ചതേയുള്ളൂ...
കുഞ്ഞു പിണക്കങ്ങളിങ്ങനെ ചുണ്ടോളം വന്ന്‌
ചുരുണ്ടു കൂടിയിരിപ്പാണ്...
മഴമേഘം പോലൊരു നോവ്
മിഴിയിൽ കൂടുകെട്ടുകയാണ്...