Tuesday, 31 March 2015

അവന്റെ അറിവുകൾ ആകാശം തേടിപ്പോകുമ്പോൾ ഉത്തരക്കടലാസ്സിലെ നാലുവരികളിൽ അവനെ അളന്നു വച്ചത് എന്റെ തെറ്റ്...
പ്രണയം: ഓരോ ഹൃദയമിടിപ്പിലും സ്നേഹത്തിന്റെ കുറുകലുമായി എന്റെ മിഴികളിൽ നിന്നും നിന്റെ നെഞ്ചിലേക്ക് ചേക്കേറിയ ഒരു പക്ഷി...
തെല്ലിട നിന്നും..കിതച്ചും.. പലവുരു വെയിലേറ്റു തളർന്നിരുന്നും... ദിശയറിയാതുഴറുന്നൊരു വേനൽക്കാറ്റ്...
വഴിപിരിയുമ്പോഴെങ്കിലും തിരിച്ചറിയുക... ഇന്നോളം നീ തനിച്ചായിരുന്നില്ലെന്ന്...

Thursday, 19 March 2015

സ്വപ്നങ്ങളുടെ മണൽക്കൊട്ടാരങ്ങൾ പണിയുകയാണ് മനസ്സ്... ഒരിക്കൽ കടലെടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെ... വെറുതെ....
തൊടിയിലൊരിടത്ത് തളംകെട്ടിനിന്ന ഓർമ്മകൾക്കു കുറുകെ മഴ നനഞ്ഞെത്രയെത്ര കളിവഞ്ചികൾ...
ഒരു തിരയും നാളിതുവരെ തിരിച്ചുവരവിന്റെ കണക്കുകൾ നിരത്തിയിട്ടില്ല... ഒരു തീരവും ഇന്നോളം അവളെ കാത്തിരിക്കാതിരുന്നിട്ടുമില്ല...
നിയമം വച്ചുനീട്ടിയ നിരപരാധിത്വത്തിന്റെ മധുരം നുണഞ്ഞിറക്കുമ്പോഴും.. പറയാത്ത സത്യങ്ങളുടെ അരുചിയുണ്ടാവില്ലേ ആ നാവിൻതുമ്പിൽ..?

Tuesday, 10 March 2015

മറന്നുവോ? ആണ്‍കുട്ടികളെ ചൊല്ലിവളർത്താൻ മറന്നു പോകുന്നുവോ നമ്മൾ ? കാഴ്ച്ചകളിൽനിന്നും കാൽവെപ്പുകളിൽനിന്നും അരുതുകൾ വേർതിരിച്ചെടുക്കാനും..?
മഷിപ്പേനയിലിടം കൊടുക്കാഞ്ഞിട്ടാവും മനസ്സെപ്പോഴും തനിച്ചിരിക്കുന്നത്....
കഥകൾ പങ്കുവെച്ചു കഴിയുമ്പോൾ വാക്കുകൾക്ക് വയസ്സാവുമോ? ആയുസ്സിന്റെ അക്ഷരങ്ങളോരോന്നും പിന്നെയാ തണുത്ത മൌനത്തിലാണ്ടു പോവുമോ?